എറണാകുളം: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകൾ ആശാ ലോറൻസ്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് പിതാവ് പറഞ്ഞിട്ടില്ലെന്ന് ആശാ ലോറൻസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ലോറൻസിനെക്കാൾ വലിയ നിരീശ്വരവാദിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ മതപരമായ ചടങ്ങുകളോടെയായിരുന്നുവെന്നും ആശാ ലോറൻസ് വ്യക്തമാക്കി.
നാല് മക്കളുടെ വിവാഹം നടന്നത് പള്ളിയിൽ വച്ചാണ്. അതിനെല്ലാം ലോറൻസ് പങ്കെടുത്തിട്ടുണ്ട്. പേരക്കുട്ടികളുടെ മാമോദീസയ്‌ക്കും തന്റെ പിതാവ് പങ്കെടുത്തിട്ടുണ്ടെന്നും അമ്മയെ യാത്രയാക്കിയതും പള്ളിയിൽ തന്നെയായിരുന്നുവെന്നും ആശ പറഞ്ഞു. ആരെയോ ബോധിപ്പിക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
”ലോകജനത അറിയുക, കമ്മ്യൂണിസ്റ്റ് ചതി! പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത” എന്ന അടിക്കുറിപ്പോടെയാണ് ആശ പോസ്റ്റ് പങ്കിട്ടത്. പാർട്ടി അടിമയായതിനാലാണ് പിതാവിനോടുള്ള കമ്മ്യൂണിസ്റ്റ് ചതിക്ക് മൂത്ത മകൻ കൂട്ടുനിൽക്കുന്നതെന്നും അവർ തുറന്നടിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..
വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു സിപിഎം വാദം.