ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അസംബന്ധമെന്ന് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്ന തമിഴ്നാടൻ കമ്പനിയായ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരൻ. നെയ്യിൽ മീനെണ്ണ ചേർത്തിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് ജീവനക്കാരൻ പറഞ്ഞു. നെയ്യിനെക്കാൾ വിലയാണ് മീനെണ്ണയ്‌ക്കെന്നും അക്കാരണത്താൽ തന്നെ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെങ്കിൽ അത് മണം കൊണ്ട് തിരിച്ചറിയാൻ സാധിക്കുമെന്ന് കമ്പനിയുടെ ഗുണനിലവാര വിദഗ്ധനായ കണ്ണൻ പറഞ്ഞു. തങ്ങളുടെ ബിസിനസ് തകർക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി ജീനനക്കാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
1998 മുതൽ നെയ്യ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് തങ്ങളുടേതെന്നാണ് എആർ കമ്പനിയുടെ വാദം. പാൽ 102 തരത്തിലുള്ള ഗുണനിലവാര ടെസ്റ്റുകൾക്ക് ശേഷമാണ് നെയ്യുണ്ടാക്കാനായി ഉപയോഗിക്കുന്നതെന്നും കണ്ണൻ പറയുന്നു. ടിടിഡിക്ക് അയക്കും മുൻപ് ദേശീയ ലബോറട്ടറികളിൽ പരിശോധനയ്‌ക്ക് വിധേയമാകുന്നു. അനുമതി ലഭിച്ച ശേഷം ടിടിഡിയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















