ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം.
കട്ടപ്പന ഓസ്സാനം സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിന് പോയി വരും വഴിയാണ് കുട്ടികൾ പുളിക്കവലയിലെ ഹോട്ടലിൽ നിന്ന് പൊറോട്ടയും ചിക്കൻ കറിയും കഴിച്ചത്. കഴിക്കുന്നതിനിടയിൽ പുഴുക്കൾ നുരയുന്നത് ശ്രദ്ധയിൽപ്പെട്ടു. കയ്യിൽ ഉൾപ്പടെ ഇവ നുരഞ്ഞ് എത്തി. പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു. വയറുവേദനയും തളർച്ചയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിന് പിന്നാലെ സമീപത്തെ ഹോട്ടലുകളിലേക്കും പരിശോധന കർശനമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.















