കൊല്ലം :വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്.
കരാർ പുതുക്കുന്ന വിഷയം സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ജയചന്ദ്രനെ സിപി എം പ്രവർത്തകൻ പലതവണ മർദ്ദിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് ആഞ്ഞടിച്ചത്. ആദ്യം ജയചന്ദ്രന്റെ കാലുകളിൽ മർദിച്ച സി പി എം കാരൻ പിന്നീട് ഇദ്ദേഹത്തിന്റെ ശരീരത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. വെട്ടുവേനി സ്വദേശി ബിനു കുമാർ എന്ന സി പി എം പ്രവർത്തകൻ ആണ് ആക്രമിച്ചത്.
സിപിഎം വെട്ടുവഴി ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് മർദ്ദനമേറ്റത്. ജയചന്ദ്രന്റെ ജേഷ്ഠന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിന്റെ വാടക കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ് സിപിഎം പ്രവർത്തകനെ പ്രകോപിപ്പിച്ചതും അക്രമത്തിലേക്ക് നയിച്ചതും.
മൺവെട്ടിക്ക് കൈ ആയി ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പാണ് മർദിക്കാൻ ഉപയോഗിച്ചത്. സിപിഎം വെട്ടുവഴി ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു എങ്കിലും ഒരാളും തടയുക പോലും ചെയ്തില്ല . മർദ്ദനമേറ്റ ശേഷം ചികിത്സ തേടി ചടയമംഗലം സർക്കാർ ഓഫീസിൽ എത്തിയെങ്കിലും ചികിത്സ നൽകിയില്ലെന്നും, ഈ വിഷയത്തിൽ പരാതി നല്കാൻ പോലീസ് റ്റേഷനിൽ എത്തിയപ്പോൾ കേസെടുക്കാനോ ബിനു കുമാറിനെ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ല എന്നും ജയചന്ദ്രൻ പരാതിപ്പെടുന്നു.















