കൊളംബോ : ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തവിട്ടു. ആദ്യ തവണ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ നേടാത്തതിനെ തുടർന്നാണ് ഇത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യ ഫലങ്ങളിൽ മാർക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ മുന്നിലാണ്. അനുര കുമാര ദിസനായകെ 39.5 ശതമാനം വോട്ടുകൾ നേടി, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്‌ക്ക് 34 ശതമാനം വോട്ട് ലഭിച്ചു . 17 ശതമാനവുമായി മൂന്നാമതെത്തിയ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും മറ്റ് 35 സ്ഥാനാർത്ഥികളും പുറത്തായി.
38 സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ ദിസനായകെ, വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവർ തമ്മിൽ ത്രികോണ മത്സരമായിരുന്നു.
2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായക്കും സജിത് പ്രേമദാസയ്‌ക്കും കൂടുതൽ വോട്ട് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ആർഎംഎ എൽ രത്നായകെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാൽ ഇരുവരും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാത്തതിനാൽ രണ്ടാം മുൻഗണന വോട്ട് എണ്ണി ഈ രണ്ട് സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾക്ക് ഒപ്പം ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് സംവിധാനപ്രകാരം വോട്ടർമാർക്ക് മൂന്ന് സ്ഥാനാർത്ഥികളെ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം. ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ആദ്യ രണ്ട് സ്ഥാനാർത്ഥികളെ നിലനിർത്തുകയും ഒഴിവാക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ബാലറ്റുകൾ പരിശോധിച്ച് അവയിൽ ആദ്യ രണ്ട് സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടോയെന്ന് നോക്കി , ആ വോട്ടുകൾ അതത് സ്ഥാനാർത്ഥികളുടെ കണക്കുകളിൽ ചേർക്കുകയും ചെയ്യും. തുടർന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും















