ഭൂപ്രദേശത്തിന്റെ 97 ശതമാനത്തോളവും പർവതനിരകളുള്ളൊരു രാജ്യമാണ് ഭൂട്ടാൻ. ഹിമാലയൻ മലനിരകളെ തൊട്ടുതലോടി സ്ഥിതി ചെയ്യുന്ന പാരോ അന്താരാഷ്‌ട്ര വിമാനത്താവളം ലോക പ്രശസ്തമാണ്. ആഗോള തലത്തിൽ 50 പേർക്ക് മാത്രമേ ഇവിടെ വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതിയുള്ളൂവെന്നതാണ് പാരോ വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നത്.
18,000 അടി ഉയരത്തിലുള്ള പർവതങ്ങൾക്കിടയിലൂടെ വേണം വിമാനങ്ങൾ നിയന്ത്രിക്കാൻ. 7,341 അടി നീളമുള്ള റൺവേയിലൂടെ അതീവ ശ്രദ്ധയോടെ മാത്രമേ വിമാനം ലാൻഡ് ചെയ്യാൻ കഴിയൂ. പ്രത്യേക പരിശീലനവും റഡാറിന്റെ നിർദ്ദേശങ്ങളില്ലാതെയും വേണം ലാൻഡിംഗ് നടത്താൻ. ചെറിയൊരു അശ്രദ്ധ ഒരു പക്ഷേ വൻ അപകടങ്ങൾക്ക് കാരണമായേക്കാം. ചിലപ്പോൾ സമീപത്തെ വീടുകളിലേക്ക് പോലും വിമാനം ഇടിച്ചിറങ്ങിയേക്കാം. അതുകൊണ്ട് തന്നെ പരോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ 50 ജെറ്റ് ജോക്കികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. കാറ്റഗറി സിയിലുള്ള പൈലറ്റുകളാണ് ഈ ജീവൻ മരണ പോരാട്ടത്തിന് മുന്നിട്ടിറങ്ങുന്നത്.
വെല്ലുവിളി നിറഞ്ഞ പ്രവർത്തനമാണെങ്കിലും പരോ വിമാനത്താവളത്തിൽ ലാൻഡിംഗ് അപകടം നിറഞ്ഞതല്ലെന്നാണ് ആഭ്യന്തര വിമാന സർവീസ് നടത്തുന്ന ഡ്രക് എയറിന്റെ ക്യാപ്റ്റൻ ചിമി ഡോർജി പറയുന്നത്. സ്ഥലത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ആദ്യം ആവശ്യം. പരോയിലേക്ക് ലാൻഡിംഗ് നടത്തുന്നതിനായി പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂറ്റൻ പർവതങ്ങളാണ് ചുറ്റിലും. സമുദ്രനിരപ്പിൽ നിന്ന് 7,382 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുന്തോറും വായുവിന്റെ കനം കുറഞ്ഞുവരുന്നു. ഈ സമയം വിമാനത്തിന്റെ വേഗത കുറവാണെങ്കിലും വായുവിലൂടെ പെട്ടെന്ന് നീങ്ങും. കാലാവസ്ഥയാണ് മറ്റൊരു പ്രതികൂല ഘടകം. ഉച്ചയ്‌ക്ക് ശേഷം റൺവേയിൽ ഇറങ്ങാൻ സാധിക്കില്ല. താപനില കൂടുമ്പോൾ, മഴ പെയ്തിട്ടില്ലെങ്കിൽ ഭൂമി വരളും, ഇത് കാറ്റിന്റെ ഗതിയെ സ്വാധീനിക്കും. രാവിലെ സമയങ്ങളിൽ ഈ പ്രശ്നമില്ലെന്നും ഡോർജി പറയുന്നു. റഡാർ സംവിധാനം ലഭ്യമല്ലാത്തതിനാൽ ഏത് സമയത്തും ഇവിടെ വിമാനമിറക്കാൻ സാധിക്കില്ല. അതുപോലെ തന്നെ പർവതങ്ങളിൽ ഇടിച്ച് ഇറങ്ങാനുള്ള സാധ്യതയുമേറെയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.















