ബെംഗളൂരു: സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം നൽകി കർണാടക സർക്കാർ. കർണാടക ആരോഗ്യ വകുപ്പാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)യ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുപ്പതി ലഡ്ഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പുപയോഗിച്ചുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നടപടി.
സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്ന നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ച് മൃഗക്കൊഴുപ്പിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കണെമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തിലേക്ക് അടുത്തിടെ നെയ്യ് വിതരണം പുനരാരംഭിച്ച കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി നെയ്യും ഇതിൽ ഉൾപ്പെടുന്നു. 15 വർഷക്കാലം ക്ഷേത്രത്തിലേക്ക് നെയ്യ് നൽകിയിരുന്നത് ‘നന്ദിനി’യാണ് എന്നാൽ വിലയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് സർക്കാർ ഇത് അവസാനിപ്പിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയിടെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദമുണ്ടാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ 35,000 ലധികം ക്ഷേത്രങ്ങളിൽ ലഡ്ഡു അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രസാദങ്ങൾ നിർമ്മിക്കാൻ നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സർക്കാർ സർക്കുലറിലൂടെ അറിയിച്ചത്.















