ഹൈദരാബാദ് ; തിരുപ്പതി ക്ഷേത്ര ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ചേർത്തുവെന്ന ആക്ഷേപം വൻ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ലഡ്ഡു വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്കിടയിൽ ആശയക്കുഴപ്പവുമുണ്ട്. ഇതോടെ കർണാടകത്തിൽ കെഎംഎഫിന്റെ നെയ്യിന് ഡിമാൻഡ് വർധിച്ചിരിക്കുകയാണ് . ഇപ്പോൾ ക്ഷേത്രത്തിലേയ്‌ക്ക് കൂടുതൽ നന്ദിനി നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫിനോട് ടിടിഡി അഭ്യർത്ഥിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മുസ്രായി വകുപ്പിന് കീഴിലുള്ള ആരാധനാലയങ്ങളിൽ നന്ദിനി നെയ്യ് എത്തിക്കാനും ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ നന്ദിനി നെയ്യിന് ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യക്കാർ വർധിച്ചതിനാൽ പ്രതിദിനം 15 ലക്ഷം ലിറ്റർ പാലിൽ നിന്ന് നന്ദിനി നെയ്യ് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. തിരുപ്പതിയിലേക്ക് എന്തുകൊണ്ട് നെയ്യ് നൽകുന്നില്ല എന്ന് മുൻപ് പലരും ചോദിക്കാറുണ്ടായിരുന്നു. എന്നാൽ വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താൽ ഇന്ന് കൂടുതൽ നെയ്യ് വിതരണം ചെയ്യുന്നു. ഇത് കെഎംഎഫിന് അഭിമാനകരമാണെന്നും കെഎംഎഫ് എംഡി ജഗദീഷ് പറഞ്ഞു.
അതേസമയം കെഎംഎഫിൽ നിന്ന് ടിടിഡിയിലേക്ക് നെയ്യ് കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.















