തിരുവനന്തപുരം: തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ ഡയറി കമ്പനിയുടെ കസ്റ്‍റമേഴ്സ് ലിസ്റ്റിൽ തിരുവനന്തപുരം മിൽമയും. എ. ആർ ഡയറിയുടെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് വിഭാഗത്തിലാണ് മിൽമയുടെ തിരുവനന്തപുരം ഡയറിയും ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ആരോപണവിധേയരായ കമ്പനിയിൽ നിന്ന് പാൽവാങ്ങിയിട്ടില്ലെന്നാണ് മിൽമ നൽകുന്ന വിശദീകരണം.
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതിനെ തുടർന്ന് വിവാദത്തിലായ സ്ഥാപനമാണ് എ. ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ കേന്ദ്രീകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തം. സ്ഥാപനത്തിന്റെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് ലിസ്റ്റിൽ മിൽമ ഇടം പിടിച്ചത് നവമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി. എ. ആർ ഡയറിയിൽ നിന്നും മിൽമ വാങ്ങിയ വസ്തുക്കൾ രാസപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സംഭവം വിവാദമായതോടെ മിൽമ വിശദീകരണവുമായി രംഗത്ത് വന്നു. പാൽ വാങ്ങിയില്ലെന്നും ചർച്ചകൾ തെറ്റിദ്ധാരണ പരത്തുന്നു എന്നുമാണ് മിൽമ പറയുന്നത്.















