ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടി ഹിന്ദി ചിത്രം ലാപതാ ലേഡീസ്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കിരൺ റാവുവിന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് ലാപതാ ലേഡീസ്.
97-ാമത് ഓസ്കർ പുരസ്കാരങ്ങൾക്ക് ഔദ്യോഗിക എൻട്രി ലഭിക്കുന്നതിനായി 29 ചിത്രങ്ങളാണ് മത്സരിച്ചത്. ഇതിൽ ബോളിവുഡ് ഹിറ്റ് ചിത്രം അനിമലും, ദേശീയപുരസ്കാരം നേടിയ ആട്ടവും കാനിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റും പാൻ-ഇന്ത്യ ചിത്രം കൽക്കിയുമടക്കം ഉണ്ടായിരുന്നു. അസമീസ് സംവിധായകൻ ജാഹ്നു ബറുവ നയിച്ച 13 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സിനിമകൾ അവലോകനം ചെയ്തത്. ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രം എന്ന കാറ്റഗറിയിലേക്കാണ് ലാപതാ ലേഡീസ് മത്സരിക്കുക.
കഴിഞ്ഞ മാർച്ച് ഒന്നിന് തീയേറ്ററുകളിലെത്തിയ ലാപതാ ലേഡീസ് ഏപ്രിൽ 26ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജനപ്രീതി നേടിയത്. പ്രണയവും ഡ്രാമയും കോമഡിയും ആക്ഷേപഹാസ്യവും ഒത്തിണക്കിയ ചിത്രത്തിന്റെ പ്രമേയം സ്ത്രീശാക്തീകരണം തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ട്രെയിൻ യാത്രക്കിടെ ഭാര്യമാർ മാറിപോയ സംഭവമാണ് സിനിമയായി ആവിഷ്കരിച്ചത്. ഫൂൽ കുമാരി, ജയ, ദീപക് എന്നീ കഥാപാത്രങ്ങളുടെ ഇഷ്ടങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് അവരുടെ മുൻ ഭർത്താവായ ആമീർ ഖാൻ തന്നെയാണ്.