ഡിണ്ടിഗൽ: കൊടൈക്കനാൽ കിളവരായ് (ക്ലാവേരി) മേഖലയിൽ ഭൂമി രണ്ടായി പിളർന്നതായി റിപ്പോർട്ട്. കൊടൈക്കനാലിലെ മലയോര ഗ്രാമങ്ങളിൽ അവസാനത്തേതാണ് ക്ലാവേരി. ഈ ഗ്രാമത്തിന്റെ ഒരു ഭാഗം ലോവർ ക്ലാവേരി എന്നാണ് അറിയപ്പെടുന്നത്. ലോവർ ക്ലാവേരിയിൽ നാട്ടുകാർ ജലമെടുക്കുന്ന ഒരു ചെറു തോടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ തോട്ടിൽ വെള്ളമില്ലാത്തതിനാൽ ലോവർ ക്ലാവേരി നിവാസികൾ ചെറുതോട്ടിലേക്കുള്ള വഴിയിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്നറിയാൻ പരിശാധന നടത്തി.
തുടർന്ന് ലോവർ ക്ലാവരിയിൽ നിന്ന് വനമേഖലയിലൂടെ പോകുമ്പോൾ വനമേഖലയിൽ 300 അടിയോളം നീളത്തിൽ വിള്ളൽ കണ്ടു . ഭൂമി പിളർന്നിട്ടുണ്ടെങ്കിലും അതിന്റെ ആഴം ഇതുവരെ അറിവായിട്ടില്ല. ഭൂമി പിളരാനുള്ള കാരണം അറിയാതെ ഗ്രാമവാസികൾ ആശയക്കുഴപ്പത്തിലായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇത്രയും വലിയതായി ഭൂമി പിളർന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും അതിനാലാണ് വെള്ളം വരാത്തതെന്നും നാട്ടുകാർ പറയുന്നു. ഭൂമി പിളരാൻ കാരണം ഭൂകമ്പമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അന്വേഷിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
ഇതിനെക്കുറിച്ച് ഉദുമലൈപേട്ട് ആനമല കടുവാ സങ്കേതത്തിലെ വനപാലകർ , ജിയോളജിക്കൽ ടെക്‌നിക്കൽ അസിസ്റ്റൻ്റ് ഡയറക്ടർ, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, പോലീസ് വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം അന്വേഷണം നടത്തും. ഇന്ന് വൈകിട്ടോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.















