നെതർലാൻഡ്: നോർത്ത് ഹോളണ്ടിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് മലയാളി അസോസിയേഷൻ. ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ ആയ”ഹമ്മ”യാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മുന്നൂറോളം ആളുകൾ ഹമ്മയുടെ രണ്ടാം ഓണാഘോഷത്തിൽ പങ്കെടുത്തു.
കഴിഞ്ഞ 22-നാണ് പ്രൗഢഗംഭീരമായ പരിപാടികൾ സംഘടിപ്പിച്ചത്. ഹാർലെമ്മേർമീർ എന്നതിനർത്ഥം ഹാർലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ച അവസരത്തിൽ നെതർലാൻസിൽ മൊത്തമായി മുമ്പ് നടന്നുവന്നിരുന്ന പൊതുവായ ഒറ്റ ഓണാഘോഷം എന്നതിൽ നിന്ന് വ്യത്യസ്തമായി, ഓരോ റീജിയനുകളായിട്ടാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇന്ത്യൻ എംബസിയിൽ നിന്ന് അംബാസിഡറിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന മലയാളി കൂടിയായ ജിൻസ് മറ്റം കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. ഹമ്മയുടെ പ്രതിനിധി ശ്രീ. റൈവിൻ ചെറിയാൻ , ശ്രീ ജെൻസ് മറ്റം എന്നിവർ ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ മുൻസിപ്പാലിറ്റിയുടെ മേയറായ മറിയാൻ ഷുർമാൻസ് ആഘോഷങ്ങൾക്ക് ഭാവുകങ്ങൾ നേർന്നു. മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യൻ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിന്റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തദ്ദേശീയർ അടക്കം സന്തോഷം രേഖപ്പെടുത്തി. മുൻ ഡച്ച് കൗൺസിലറും D66 പാർട്ടിയുടെ നേതാവും ഇന്ത്യൻ വംശജയും ആയ പ്രാച്ചി വാൻ ബ്രാണ്ടെൻബർഗ് കുൽക്കർണി ആശംസകൾ അറിയിച്ചു.

ഇന്ത്യൻ അംബാസിഡറിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ശ്രീ ജിൻസ് മറ്റത്തിന്റെ നെതർലാൻഡിലെ രണ്ടാമത്തെ ഓണം ആയിരുന്നു ഇത്. വിദേശ മണ്ണിൽ ഇത്രയും വർണ്ണാഭമായി നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയ ഹമ്മയുടെ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു. പ്രാഥമികമായി നമ്മളെ എല്ലാവരെയും ഭാരതീയ വംശജരായാണ് തദ്ദേശീയർ കാണുന്നതെന്നും അതിനാൽ ഇവിടെ ജോലി ചെയ്യുകയും, മറ്റ് എല്ലാ അറിവുകളും നേടുന്നതോടൊപ്പം തിരികെ സമൂഹത്തിലേക്ക് ജനോപകാരപ്രദമായ കാര്യങ്ങൾ സംഭാവന ചെയ്യുവാൻ കൂടി നമ്മൾക്ക് കഴിയണമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

മാവേലിയുടെ സന്ദർശനവും, തിരുവാതിരയും സിനിമാറ്റിക് ഡാൻസും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, സിനിമാ ക്വിസ്, കുട്ടികളുടെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ, വടംവലി, നാരങ്ങ സ്പൂൺ നടത്തം, കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
രണ്ടിനം പായസം ഉൾപ്പെടെ ഇരുപത്തി അഞ്ചോളം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു. വൈകുന്നേരം ആറു മണിക്ക് നടന്ന കലാശക്കൊട്ടോടെ ചടങ്ങുകൾ അവസാനിച്ചു.















