ഷിരൂർ: ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അസ്ഥി പശുവിന്റേതാണെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ടെത്തിയത് മനുഷ്യരുടെ കയ്യിന്റെ അസ്ഥിയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ജില്ലാ ഭരണകൂടം തള്ളി.
മനുഷ്യന്റെ അസ്ഥിയല്ലാത്തതിനാൽ മറ്റ് പരിശോധനകളുടെ ആവശ്യമില്ലെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പശുവിന്റെ എല്ലാണെന്ന് സ്ഥിരീകരിച്ചുവെന്നും ലാബ് അധികൃതർ പറഞ്ഞു. മനുഷ്യന്‌റെ എല്ലിന്റെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് നിർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ പുരോഗമിക്കുകയാണ്. നേരത്തെ മരത്തടികളും ലോറിയുടെ ടയറുകളും കണ്ടെത്തിയിരുന്നു. ഈ ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് വാഹന ഉടമ മനാഫ് പറഞ്ഞു.















