ലഖ്‌നൗ: കോൺഗ്രസുമായും മറ്റ് “ജാതി പാർട്ടികളുമായും” ബന്ധം വിച്ഛേദിച്ച് ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച പാത പിന്തുടരാൻ ദളിത് നേതാക്കളോട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
കോൺഗ്രസും മറ്റ് “ജാതി പാർട്ടികളും” ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുകയും പിന്നീട് അവരെ പാർശ്വവത്കരിക്കുകയും ചെയ്തുവെന്ന് മായാവതി പ്രസ്താവിച്ചു. തന്റെ എക്സ് അക്കൗണ്ടിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആണ് അവർ ഈ അഭിപ്രായപ്രകടനം നടത്തിയത്.
“കോൺഗ്രസും മറ്റ് ജാതി പാർട്ടികളും അവരുടെ മോശം നാളുകളിൽ താത്കാലികമായി മാത്രം ദളിതരെ മുഖ്യമന്ത്രിമാരായോ മറ്റ് പ്രധാന സംഘടനാ സ്ഥാനങ്ങളിലേക്കോ നിയമിക്കും. രാജ്യത്തെ ഇതുവരെയുള്ള രാഷ്‌ട്രീയ സംഭവവികാസങ്ങൾ ഇതാണ് തെളിയിക്കുന്നത്. പക്ഷേ ഈ പാർട്ടികൾ ഹരിയാനയിൽ ഇപ്പോൾ കാണുന്നതുപോലെ അവരുടെ നല്ല നാളുകളിൽ ദളിതുകളെ മാറ്റിനിർത്തുകയും ജാതിമത വ്യക്തികളെ പകരം വയ്‌ക്കുകയുമാണ് ചെയ്യുന്നത്,” അവർ കൂട്ടിച്ചേർത്തു.
അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്തരം പാർട്ടികളിൽ നിന്ന് അകന്നുനിൽക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു.
“ഈ അപമാനിതരായ ദളിത് നേതാക്കൾ അവരുടെ മിശിഹയായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ പാർട്ടികളിൽ നിന്ന് സ്വയം വേർപെടണം. തങ്ങളുടെ സമുദായങ്ങളെ ഈ പാർട്ടികളിൽ നിന്ന് അകറ്റി നിർത്താൻ അവർ പ്രവർത്തിക്കണം,” അവർ പറഞ്ഞു.
ദളിതർക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കും സംവരണം നൽകുന്നതിനെ ചരിത്രപരമായി കോൺഗ്രസ് എതിർക്കുന്നുവെന്നും മായാവതി ആരോപിച്ചു.
“കോൺഗ്രസും മറ്റ് ജാതി പാർട്ടികളും എന്നും സംവരണത്തിന് എതിരാണ്. രാഹുൽ ഗാന്ധി വിദേശത്ത് പോയി സംവരണം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്‌സി, എസ്ടി, ഒബിസി വിരുദ്ധ പാർട്ടികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം”. മായാവതി പറഞ്ഞു.















