ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ പിതാവും നടനുമായ ചിരഞ്ജീവിയെ അഭിനന്ദിച്ച് രാം ചരൺ. ഹൈദരബാദിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ചിരഞ്ജീവിക്ക് അവാർഡ് സമ്മാനിച്ച ചിത്രം സമൂഹ മാദ്ധ്യമ പേജിൽ പങ്കുവച്ചാണ് രാം ചരൺ അച്ഛന് അഭിനന്ദനമറിയിച്ചത്.
“അപ്പാ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്ര താരം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിന് അഭിനന്ദനങ്ങൾ! 45 വർഷത്തെ യാത്രയിൽ 156 സിനിമകൾ, 24,000+ നൃത്തച്ചുവടുകൾ, 537 ഗാനങ്ങൾ! നിങ്ങളുടെ കഠിനാധ്വാനം എനിക്കും ദശലക്ഷക്കണക്കിന് ആളുകൾക്കും പ്രചോദനമാണ്,” രാംചരൺ കുറിച്ചു.
ആക്ടർ-ഡാൻസർ വിഭാഗത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരം എന്ന റെക്കോർഡാണ് ചിരഞ്ജീവി സ്വന്തമാക്കിയത്. “ഈ നിമിഷം അവിസ്മരണീയമാണ്. ഞാൻ ഒരിക്കലും ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് അംഗീകാരം തേടിയിട്ടില്ല. പക്ഷേ എന്റെ നൃത്തത്തിന് ആദരവ് ലഭിക്കുന്നത് ഇതാദ്യമായാണ്. നൃത്തമാണ് എന്നെ ഒരു താരമാക്കിയത്. എന്റെ കരിയറിൽ ഉടനീളം നിരവധി അംഗീകാരങ്ങൾ അത് നേടിത്തന്നു,”സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം ചിരഞ്ജീവി പറഞ്ഞു.















