വിദേശത്തേക്ക് കടൽ കടക്കുന്നവരുടെ മാത്രമല്ല, വിദേശികളെ ആകർഷിക്കുന്ന നാട് കൂടിയാണ് കേരളം. പ്രകൃതിഭംഗിയിൽ മാത്രമല്ല, വിദ്യാഭ്യാസ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. കുസാറ്റിലേക്ക് വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1,410 വിദ്യാർത്ഥികളാണ് ഈ വർഷം മാത്രം അപേക്ഷിച്ചത്. കഴിഞ്ഞ വർഷമിത് 1,100-ഉം 2022-ൽ 8000-ഉം ആയിരുന്നു. നൈജീരിയ, കെനിയ, സുഡാൻ, യുഗാൺഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറെ പേരും കുസാറ്റിലെ പഠനത്തിനായെത്തുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയവിടങ്ങളിൽ നിന്നും അപേക്ഷകരുണ്ട്.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും (ICCR) കേന്ദ്ര സർക്കാരിന്റെ പോർട്ടലായ സ്റ്റഡി ഇൻ ഇന്ത്യ വഴിയുമാണ് വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം സാധ്യമാക്കുന്നത്. 100 ശതമാനം സ്കോളർഷിപ്പും നൽകുന്നുണ്ട്. സ്റ്റഡി ഇൻ ഇൻ്തയ പോർട്ടൽ വഴി യൂണിവേഴ്സിറ്റി 50 ശതമാനം ഫീസിളവും ലഭിക്കും.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) വിഭാഗത്തിൽ നിരവധി അപേക്ഷകളാണെത്തുന്നത്. അമേരിക്ക, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഒസിഐ അപേക്ഷകളേറെയും. 8,000- വിദ്യാർത്ഥികൾ പഠിക്കുന്ന കുസാറ്റിൽ 63 പേർ വിദേശികളാണ്.