വാഷിംഗ്ടൺ ഡിസി: റഷ്യ- യുക്രെയ്ൻ സംഘർങ്ങൾ തീർപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ നിർണായകമെന്ന് സ്ലോവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ സമാധാന ചർച്ചകൾ സാധ്യമാകുമെന്നും പീറ്റർ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന 79-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇടപെടലുകൾ സഹായകമാകും. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയുമായി ഇന്ത്യക്ക് ചർച്ച ചെയ്യാൻ സാധിക്കും. ഇന്ത്യക്ക് പുറമെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലുകളും യുദ്ധം നിർത്തുന്നതിന് നിർണായകമാകും.”- പീറ്റർ പെല്ലെഗ്രിനി പറഞ്ഞു.
ലോകമെമ്പാടുമായി 56ഓളം ഇടങ്ങളിൽ ഇപ്പോൾ പല തരത്തിലുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ യുഎന്നിന് സാധിക്കുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടി വളരെ അധികം പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും പീറ്റർ പറയുന്നു.
ലോകത്തിൽ സമാധാനം നിലനിർത്തണമെന്നാണ് സ്ലോവാക്യയുടെയും ആഗ്രഹം. ജനങ്ങളെ കൊലപ്പെടുത്തുന്നതും യുദ്ധവും ഒരു രാജ്യത്തിനും യോജിച്ചതല്ല. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.