എറണാകുളം: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സിപിഐ നേതാവായ ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുകൾക്ക് ജാമ്യം നൽകുന്നതിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ഹർജി തള്ളുകയായിരുന്നു.
ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടല സഹകരണ ബാങ്കിൽ പ്രതികൾ നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 101 കോടി രൂപയോളം ഭാസുരാംഗനും മകനും വകമാറ്റിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. 2005 മുതൽ 2021 വരെയുള്ള നിക്ഷേപത്തുകകളിലാണ് പ്രതികൾ ക്രമക്കേട് കാണിച്ചത്.
ഭാസുരാംഗനും മകനുമെതിരായ പരാതികളുടെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഇഡിക്ക് പക്കൽ വ്യക്തമായ തെളിവുകളില്ലെന്ന് വാദിക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കാനാട് ജില്ലാ ജയിലിലാണ് പ്രതികൾ.















