എറണാകുളം: നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. ഒളിവിൽ പോയ നടനായി പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി. വിമാനത്താവളങ്ങളിൽ സിദ്ദിഖിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയതായി അന്വേഷണ സംഘം അറിയിച്ചു. ലൈംഗികാതിക്രമ കേസിൽ നടൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്.
ഹർജി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. താരം വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് സർക്കുലർ ഉൽപ്പെടെയുള്ള നടപടിയിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിന് തടസമില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി വരെ സിദ്ദിഖുമായി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഹർജി തള്ളിയതോടെ സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടുതലായതിനാൽ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ അന്വേഷണ സംഘം പുറപ്പെട്ടതായും അധികൃതർ പറഞ്ഞു.
2016 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതി പരിഗണിച്ച ഹൈക്കോടതി സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് ഗൗരവമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം.















