ഇന്ത്യൻ ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന ഓർമ്മകൾ സമ്മാനിക്കുന്നൊരു ദിവസമാണ് സെപ്റ്റംബർ 24, 2007. ദക്ഷിണാഫ്രിക്കയിൽ പാകിസ്താന്റെ തലയരിഞ്ഞ് യുവ ഇന്ത്യൻ.യുവനിര പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായിട്ട് ഇന്ന് 17 വർഷം തികയുന്നു. ഒരു സസ്പെൻസ് ത്രില്ലറിനൊടുവിലാണ് ധോണി നയിച്ച ടീം ഇന്ത്യ ജൊഹന്നാസ്ബെർഗിൽ കിരീടം ഉയർത്തിയത്. ഭയമില്ലാതെ ടൂർണമെന്റിലുടനീളം കളിച്ച ടീം ഇന്ത്യ ഒരാൾക്ക് മുന്നിലും പതറിയില്ല. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും വീഴ്‌ത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്.
ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നപ്പോൾ മത്സരം സമനിലയിലായി. എന്നാൽ ബൗൾ ഔട്ടിൽ ജയം ഇന്ത്യക്കായിരുന്നു. ഒരിക്കൽക്കൂടി ബദ്ധവൈരികൾ മുഖാമുഖം വന്നപ്പോൾ ഫൈനൽ തീപാറി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഗൗതം ഗംഭീറിന്റെയും രോഹിത് ശർമ്മയുടെയും പ്രകടനം ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. 157/5.
54 പന്തിൽ നിന്ന് 75 റൺസാണ് ഇന്നത്തെ പരിശീലകൻ നേടിയത്. എട്ടു ബൗണ്ടറിയും 2 സിക്സുമടക്കമായിരുന്നു ഇന്നിംഗ്സ്. രോഹിത് 16 പന്തിൽ 30 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആർ.പി സിംഗ് പാകിസ്താനെ വെള്ളം കുടിപ്പിച്ചു. 77/6 എന്ന നിലയിലേക്ക് അവർ വീണു. എന്നാൽ മിസ്ബാ ഉൾ ഹഖ് ക്രീസി ൽ ഉറച്ച് നിൽക്കുകയും സ്കോർ കണ്ടെത്തുകയും ചെയ്തത് ഇന്ത്യക്ക് ഭീഷണിയായി.
അവസാന ഓവറിൽ 13 റൺസ് വേണ്ടപ്പോൾ ധോണി പന്തേൽപ്പിച്ചത്. പുതുമുഖമായ ജോഗീന്ദർ ശർമ്മയ്‌ക്ക്. വലം കൈയനെ സിക്സിന് പറത്തി മിസ്ബ പാകിസ്താന് പുഞ്ചിരി സമ്മാനിച്ചു. 4 പന്തിൽ 6 റൺസ് എന്ന നിലയിലേക്ക് വിജയ ലക്ഷ്യം ചുരുങ്ങി. ആത്മവിശ്വാസം അതിരുകടന്ന മിസ്ബയുടെ സ്കൂപ്പ് ഷോട്ട് അവസാനിച്ചത് മലയാളി താരമായ ശ്രീശാന്തിന്റെ കൈകളിൽ. ഇന്ത്യക്ക് അഞ്ചു റൺസ് വിജയം. അന്ന് കളത്തിലുണ്ടായിരുന്നതിൽ രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴും തുടരുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാത്രം.















