അനന്തപൂർ: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ കനേക്കൽ മണ്ഡലിലെ ഹനകനഹൽ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി അജ്ഞാതർ ക്ഷേത്ര രഥത്തിന് തീവെച്ചു.
ഗ്രാമത്തിലെ ശ്രീ രാമാലയത്തിൽ സ്ഥാപിച്ചിരുന്ന രഥം ഭാഗികമായി കത്തിനശിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു സംഭവത്തിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വിശദാംശങ്ങൾ ശേഖരിച്ച അദ്ദേഹം തുടർന്ന് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.
തീപിടുത്തം ശ്രദ്ധയിൽ പെട്ട ഹനകനഹൽ ഗ്രാമത്തിലെ പ്രദേശവാസികൾ തീ അണച്ചെങ്കിലും രഥത്തിന്റെ പകുതിയിലധികം കത്തി നശിച്ചിരുന്നു. ഹിന്ദുവികാരം വ്രണപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംശയിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥരെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. അനന്തപൂർ ജില്ലാ പോലീസ് സൂപ്രണ്ട് പി.ജഗദീഷ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.