16 കാരനായ എറിക് കിൽബേൺ ജൂനിയർ കയറിയിറങ്ങാത്ത കടകളില്ല.യുഎസിലെ മിഷിഗനിലാണ് എറിക് താമസിക്കുന്നത്. അഞ്ചാം ക്ലാസ്സുമുതൽ അവന്റെ കാൽപാദത്തിന് അനുയോജ്യമായ ഷൂസുകളൊന്നും കടകളിൽ കിട്ടാറില്ല. എന്നാൽ 14-ാം വയസിൽ അവൻ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. ഇപ്പോൾ എറിക്കിന് ഷൂ സ്പോൺസർ ചെയ്യുന്നത് പ്യൂമയും അണ്ടർ ആർമർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളാണ്.
ഇതിനെല്ലാം കാരണം എറിക്കിന്റെ കൈ-കാലുകളുടെ വലിപ്പമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാൽപാദങ്ങളുടെയും കൈപ്പത്തികളുടെയും ഉടമയാണ് ഈ പതിനാറുകാരൻ.
കൂടെയുള്ള മറ്റുള്ളവർ 8,9 അളവുകളിലുള്ള ഷൂസുകൾ ധരിക്കുമ്പോൾ13.5 ഇഞ്ച് വലിപ്പമുള്ള എറിക്കിന്റെ കാൽപാദത്തിന് പാകമായ ഷൂ സൈസ് 23 ആണ്. മാത്രമല്ല 9.15 ഇഞ്ചാണ് എറിക്കിന്റെ കൈപ്പത്തിയുടെ നീളം. സാധാരണ ഒരു പതിനാറുകാരന്റെ കൈപ്പത്തിക്ക് 7.4 ഇഞ്ച് നീളമാണുണ്ടാവുക.
കൈകാലുകളുടെ ഈ വലിപ്പം അനുഗ്രഹമായിക്കണ്ട എറിക്കിന്റെ വീട്ടുകാർ ഷൂസിന്റെ കാര്യം വന്നപ്പോൾ പ്രതിസന്ധിയിലായി. ഏകദേശം ഒന്നരലക്ഷം രൂപ വിലവരുന്ന കസ്റ്റംമെയ്ഡ് ഷൂസുകൾ വാങ്ങാൻ മാതാപിതാക്കൾ നിർബന്ധിതരായി. എന്നാൽ തോൽക്കാൻ എറിക്ക് തയ്യാറായിരുന്നില്ല. തന്റെ ഈ പ്രത്യേകത മറ്റാർക്കുമില്ലെന്ന് തിരിച്ചറിഞ്ഞ അവൻ 14-ാം വയസിൽ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. പിന്നാലെയാണ് പ്യൂമ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ എറിക്കിന് സൗജന്യമായി ഷൂസുകൾ നിർമ്മിച്ച് നൽകാൻ തുടങ്ങിയത്.















