വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു. കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മെന്റിലേക്ക് നിയമിച്ചതായി അധികൃതർ അറിയിച്ചു.
ഇന്നലെ സർവകലാശാലയിൽ ഇരുവരുടെയും സസ്‌പെൻഷൻ സംബന്ധിച്ച് യോഗം ചേർന്നിരുന്നു. യോഗത്തിൽ മാനേജ്‌മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ. എസ് അനിൽ, ടി. സിദ്ദിഖ്, ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ അദ്ധ്യാപക പ്രതിനിധി പിടി ദിനേശ് എന്നിവർ നാരായണനെയും കാന്തനാഥനെയും തിരിച്ചെടുക്കുന്നതിൽ വിയോജിപ്പറിയിച്ചു. എന്നാൽ 12 പേർ പിന്തുണ അറിയിച്ചതോടെ ഇരുവരുടെയും സസ്‌പെൻഷൻ നീട്ടി നൽകാതെ സ്ഥലം മാറ്റുകയായിരുന്നു.
ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനിൽ പറഞ്ഞു. കോളേജ് മാറിയാലും സിദ്ധാർഥിന്റെ മരണത്തെത്തുടർന്നുള്ള അച്ചടക്കനടപടി ഇരുവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഗവർണർക്കും കത്ത് അയക്കും.
എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആൾകൂട്ട വിചാരണയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥ് മരിച്ചത്. അന്വേഷണത്തിൽ ഡീൻ എം കെ നാരായണനും അസിസ്റ്റന്റ് വാർഡൻ കാന്തനാഥനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്തു. ഏഴ് മാസത്തോളം ഇവർ സസ്‌പെൻഷനിലായിരുന്നു. കാലാവധി പൂർത്തിയായതോടെയാണ് വീണ്ടും നിയമനം നൽകിയത്.















