തിരുവനന്തപുരം: ഒളിംപ്യൻ പി.ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാന സർക്കാർ. അനുമോദന ചടങ്ങ് റദ്ദാക്കിയതിന് പിന്നാലെ സമ്മാനത്തുകയും കൈമാറിയില്ല. രണ്ടുകോടി രൂപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചത്. ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് തമിഴ്നാടക്കം പാരിതോഷികം കൈമാറിയിരുന്നു. എന്നാൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ കോപ്പുകൂട്ടുന്ന കായികമന്ത്രി അബ്ദുറഹിമാന് പക്ഷെ ശ്രീജേഷിന്റെ കാര്യത്തിൽ മിണ്ടാട്ടമില്ല.
പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കീം ടീം വെങ്കല മെഡൽ നേടിയപ്പോൾ വൻ സ്വീകരണം നൽകുമെന്നാണ് സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചത്. ഇതിന് പിന്നാലെ ഓഗസ്റ്റ് 26 ന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ചടങ്ങ് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെ പരിപാടിയുടെ സംഘാടനം സംബന്ധിച്ച് മന്ത്രിമാർക്കിടയിൽ തർക്കം ഉടലെടുത്തു. അവസാനം മുന്നറിയിപ്പില്ലാതെ പരിപാടി റദ്ദാക്കുകയും ചെയ്തു. സ്വീകരണം ഏറ്റുവാങ്ങാൻ ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് ചടങ്ങ് റദ്ദാക്കിയ കാര്യം അദ്ദേഹം പോലും അറിഞ്ഞത്.
ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഇടം നേടിയ മലയാളികളുടെ എണ്ണം വിരലിൽ എണ്ണാവുന്നതാണ്. അത്തരം ഒരു താരത്തെ ആവർത്തിച്ച് അപമാനിക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാറിന്റെ നടപടി. ഇതുവരെ തുക നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്നാണ് കായികമന്ത്രി തന്നെ പറഞ്ഞത്. സ്പെയിനിൽ പോയാണ് മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഫുട്ബോളിനോടുള്ള താത്പര്യം ഹോക്കിയിൽ എത്തുമ്പോൾ അവഗണനയായി മാറുന്നതെങ്ങനെ എന്ന ചോദ്യം ശക്തമാണ്.















