എറണാകുളം: വഖഫ് ബോർഡിന്റെ അനധികൃത ഭൂമി കൈയ്യേറ്റത്തിന് എതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി നൽകി സീറോ മലബാർ സഭ. ചെറായി ,മുനമ്പം പ്രദേശങ്ങളിൽ തലമുറകളായി ക്രൈസ്തവ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് ബോർഡ് കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന് സീറോ മലബാർ സഭ പരാതിയിൽ ചൂണ്ടിക്കാട്ടി. 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവും സഭ ഉന്നയിച്ചു.
എറണാകുളം ജില്ലയിൽ, ചെറായി, മുനമ്പം ഗ്രാമങ്ങളിൽ തലമുറകളായി ക്രിസ്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കൾക്ക് വഖഫ് ബോർഡ് നിയമവിരുദ്ധമായി അവകാശവാദമുന്നയിച്ചിരിക്കുകയാണ്. അറുനൂറോളം കുടുംബങ്ങൾ ഭീഷണിയിലാണ്. ഈ ആളുകൾ ദരിദ്രരായ മത്സ്യത്തൊഴിലാളി സമൂഹത്തിൽ പെട്ടവരാണ്. ഒരു കത്തോലിക്ക ഇടവക പള്ളിയും കോൺവെൻ്റും ഡിസ്പെൻസറിയും വഖഫ് ബോർഡിന്റെ ഒഴിപ്പിക്കൽ ഭീഷണിയിലാണ്.
വഖഫ് ബോർഡിന്റെ തികച്ചും അന്യായവും മനുഷ്യത്വരഹിതവുമായ അവകാശവാദങ്ങൾ കാരണ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലെയും ജനങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അതിദാരുണമായ സാഹചര്യത്തിന് പരിഹാരം കാണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.
ഇതും വായിക്കുക
വഖഫ് കൊള്ള ചെറായിയിലും; കയ്യേറിയത് ഏക്കറുകണക്കിന് ഭൂമി; എതിർപ്പുമായി പ്രദേശവാസികൾ
മുനമ്പം, ചെറായി തീരദേശ മേഖലയിൽ വഖഫ് നടത്തുന്ന കൈയ്യേറ്റം ജനം ടീവി റിപ്പോർട്ട് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ കിടപ്പാടം അടക്കമുള്ള 405 ഏക്കറോളം വരുന്ന ഭൂമിയിലാണ് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1902-ൽ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ സേഠിന് നൽകുകയും പിന്നീട് ഭൂമി ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ഇവിടെ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വിൽക്കുകയായിരുന്നു. വിലയാധാരം ലഭിച്ച ഭൂമിക്ക് 610 കുടുംബങ്ങളും കരമടച്ച് വരുന്നതിനിടയിലാണ് 2019-ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഈ ഭൂമിയും ഉൾപ്പെടുത്തിയത്. പിന്നാലെ കേരള വഖഫ് സംരക്ഷണ വേദിയുടെ പേരിൽ ഹൈക്കോടതിയെ സമീപിച്ച് പോക്കുവരവ് ഉത്തരവും തടഞ്ഞു.പോക്കുവരവ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞതോടെ പണം കൊടുത്ത് നിയമാനുസൃതം വാങ്ങിയ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്താനോ, ഇതു വച്ച് ബാങ്കിൽ നിന്ന് ലോണെടുക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് വൈപ്പിൻ വേളാങ്കണ്ണി കടപ്പുറത്തെ ജനത.















