പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ട് വെങ്കല മെഡൽ സമ്മാനിച്ച ഷൂട്ടറാണ് മനു ഭാക്കർ. താരത്തിന്റെ വിജയം രാജ്യം ആഘോഷമാക്കിയിരുന്നു. വമ്പൻ വരവേൽപ്പാണ് മനുവിനായി രാജ്യം നൽകിയത്. ഇതിന് ശേഷം പങ്കെടുത്ത പൊതുപരിപാടികളിലെല്ലാം മനു ഭാക്കർ, തനിക്ക് ലഭിച്ച മെഡലുകളും കൊണ്ടു പോകുമായിരുന്നു.
ഇതോടെ ”എല്ലാ പരിപാടികൾക്കും രണ്ട് മെഡലുകളുമായി വരുന്നത് എന്തിനാണെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ്, മനുവിനെ പരിഹസിച്ച് പലരും ഉയർത്തിയത്. എന്നാൽ ഇതിനെതിരെ മനു നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
” എനിക്ക് ലഭിച്ച മെഡലുകൾ കൊണ്ടുവരാൻ പാടില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. പരിപാടിയുടെ സംഘാടകരാണ് മെഡലുകൾ കൊണ്ടുവരാൻ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. അവരുടെ ആവശ്യപ്രകാരം ഞാൻ മെഡലുകൾ കൊണ്ടുവരുമ്പോൾ എല്ലാവരും ഫോട്ടോയെടുക്കാനും ആഗ്രഹിക്കും അതിൽ എന്താണ് തെറ്റ്?”- മനു ഭാക്കർ പറഞ്ഞു.
ചിലസമയങ്ങളിൽ തനിക്കെതിരെ ഉയരുന്ന പ്രചരണങ്ങളിൽ അസ്വസ്ഥതയും ദേഷ്യവും തോന്നാറുണ്ടെന്നും എന്നാൽ ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് താൻ പഠിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ദേഷ്യം ഒന്നിനും പരിഹാരമല്ല. എല്ലാം പോസിറ്റീവായി കാണാനാണ് പഠിക്കേണ്ടത്. ഷൂട്ടിംഗിനോടുള്ള തന്റെ ഇഷ്ടം അനന്തമാണ്. രാജ്യത്തിനായി മത്സരിച്ച് മെഡലുകൾ നേടുകയാണ് തന്റെ ആഗ്രഹമെന്നും മനു ഭാക്കർ വ്യക്തമാക്കി.















