മലപ്പുറം: മുഖ്യമന്ത്രിയോട് പോലും യുദ്ധം പ്രഖ്യാപിച്ച പി. വി അൻവർ എംഎൽഎക്ക് പിന്നിൽ വൻ മാഫിയകളെന്ന് വിവരം .സ്വർണക്കടത്ത് സംഘങ്ങളും മതമൗലിക വാദികളുമാണ് അൻവറിന് രക്ഷാകവചമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. പി വി അൻവറിന് ആഫ്രിക്കയിലെ സിയറ ലിയോണിൽ വൻ സ്വർണ ഖനന കമ്പനിയുണ്ടെന്നും, സ്വർണക്കടത്തിന് തടസം നിൽക്കുന്നതിനാലാണ് പൊലീസിനെതിരെ പോരാടുന്നതെന്നുമാണ് വൃത്തങ്ങൾ നൽകുന്ന സൂചന.
മതമൗലിക വാദത്തിന് അടിത്തറ സൃഷ്ടിക്കുക എന്നതാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. മതേതരത്തിന്റെ മുഖം മൂടി അണിഞ്ഞ് ഇടത് സ്വതന്ത്രനായി മത്സരിച്ചതും ഇത് മനസ്സിൽ കണ്ടുകൊണ്ടാണ്. ഇതിനായി സ്വർണ്ണക്കടത്തിലൂടെ വൻ ഫണ്ട് കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നിരുന്നു.
സ്വർണ്ണക്കടത്തുകാരുടെ ഹബ്ബ് എന്ന് വിശേഷിക്കുന്ന കരിപ്പൂർ വിമാനത്താവളം വഴിയാണ് അൻവരിന്റെ ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 100 കിലോയിലധികം സ്വർണ്ണമാണ് ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. ഇത് അൻവറിന് വൻ പ്രതിസന്ധിയിലാക്കി. പിന്നാലെയാണ് പൊലിസിനെതിരെ അൻവർ രംഗത്ത് വന്നത്. രാഷ്‌ട്രീയ പിന്തുണ ഉറപ്പാക്കാൻ പൊലീസുകാർക്ക് ആർഎസ്എസ് ബന്ധം എന്ന കഥയും മെനഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പോലും ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ അൻവർ വെളിപ്പെടുത്തിയിട്ടില്ല. അൻവറിന്റെ വാദങ്ങൾ സ്വർണ്ണക്കടത്തുകാർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിരുന്നു. കരിപ്പൂരിൽ നടപടി ശക്തമാക്കുമെന്ന് പിണറായി പറഞ്ഞത് അൻവറിന് വലിയ തിരിച്ചടിയായി. അൻവറിനെ പിന്തുണച്ച് സമസ്ത മുഖപത്രത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത് അൻവറിന്റെ മതമൗലിക വാദ ബന്ധത്തിന് തെളിവാണ്. അൻവറിന്റെ നിക്കങ്ങളിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.















