ഗുവാഹത്തി: അസമിൽ ചരിത്രം കുറിച്ച് ബിജെപി അംഗത്വ ക്യാമ്പെയിൻ. 42 ലക്ഷം പേർ ബിജെപിയിൽ അംഗത്വമെടുത്തതായും ക്യാമ്പെയിൻ വൻ വിജയമായതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ബിജെപി അംഗത്വ ക്യാമ്പെയിനിൽ പങ്കെടുത്ത് ഇതുവരെ 42 ലക്ഷം പേർ അംഗത്വമെടുത്തു. അടുത്ത ലക്ഷ്യം 50 ലക്ഷം അംഗത്വമെന്നതാണ്. അടുത്ത ആഴ്ചയോടെ ബിജെപിയിൽ അംഗത്വമെടുത്ത ആളുകളുടെ എണ്ണം 50 ലക്ഷം കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമ്പെയിൻ വിജയമാക്കിയ എല്ലാ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു.”- ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ബിജെപിയിൽ അംഗത്വമെടുത്ത ഓരോ പൗരനും വികസിത ഭാരതത്തിനായി സംഭാവന നൽകുന്നവരാണ്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലാണ് ക്യാമ്പെയിനിന് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മെമ്പർഷിപ്പ് കാർഡ് പുതിക്കികൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.















