ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയ ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഗോ ബാക്ക്, സ്റ്റെപ് ഡൗണ്‍ വിളികളോടെ നൂറുകണക്കിനാളുകളാണ് യൂനുസ് താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചത്.
മുഹമ്മദ് യൂനുസ് അധികാരത്തിൽ വന്നത് വൃത്തികെട്ട രാഷ്‌ട്രീയത്തിലൂടെയാണ് എന്നാരോപിച്ച പ്രതിഷേധക്കാർ ‘ഷൈഖ് ഹസീന നമ്മുടെ പ്രധാനമന്ത്രി’ എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചിട്ടില്ല എന്നവർ ഉറക്കെ വിളിച്ചു പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന യൂനുസ് സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ഉന്നതതല യോഗങ്ങൾ യൂനുസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയിൽ ബംഗ്ലാദേശ് അംഗത്വമെടുത്തതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് യൂനുസ് ആതിഥേയത്വം വഹിക്കുന്ന സ്വീകരണം ഉണ്ടായിരിക്കും.ഇടക്കാല സർക്കാരിന്റെ തലവനായി ഓഗസ്റ്റ് 8 നാണ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തത് .