ജമ്മു: അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയ കേസിൽ പ്രതിയായ 32 കാരൻ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പുൽവാമ ജില്ലയിലെ ഹജ്ബൽ കാകപോറയിലെ ഗുലാം നബി കുച്ചായിയുടെ മകൻ ബിലാൽ അഹമ്മദ് കുച്ചായ് (32) ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഈ കേസിൽ ബിലാൽ അഹമ്മദ് കുച്ചായ് ഉൾപ്പെടെ 19 പ്രതികളാണുണ്ടായിരുന്നത്.
കുച്ചേയ് കിഷ്ത്വാർ ജില്ലാ ജയിലിൽ അസുഖത്തെ തുടർന്ന് സെപ്തംബർ 17നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് ഇയാൾ മരിച്ചത്.
2019 ഫെബ്രുവരി 14 ന് പുൽവാമയിലെ ലെത്‌പോറയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരൻ തന്റെ സ്‌ഫോടകവസ്തു നിറച്ച കാർ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സംഭവത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റിയ ആദിൽ അഹമ്മദ് ദാർ ഉൾപ്പെടയുള്ള പ്രതികൾക്ക് ഇയാളും മറ്റ് പ്രതികളായ ഷക്കീർ ബഷീർ, ഇൻഷാ ജാൻ, പീർ താരിഖ് അഹമ്മദ് ഷാ എന്നിവരും ഫോണും അഭയവും മറ്റു സഹായങ്ങളും നൽകിയെന്നാണ് കേസ്.
2020 ഓഗസ്റ്റ് 25 ന് ദേശീയ അന്വേഷണ ഏജൻസി ഈ കേസിൽ കുച്ചെയ്‌ക്കും മറ്റ് 18 പ്രതികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് പാക്കിസ്ഥാനികൾ ഉൾപ്പെടെ ആറ് ഭീകരർ വെവ്വേറെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു . ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹർ ഉൾപ്പെടെ ആറ് പേർ ഇപ്പോഴും ഒളിവിലാണ്.