ധാക്ക: ദുർഗാ പൂജയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) നൽകിയില്ലെങ്കിൽ ദുർഗാ പൂജ ആഘോഷിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. ഒക്ടോബർ 9 മുതൽ 13 വരെയാണ് ദുർഗാ പൂജ ആഘോഷിക്കുന്നത്.
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്‌ക്ക് മുമ്പ്തന്നെ നിരവധി വിശ്വാസികൾ ആശങ്കയും ഭയവും പ്രകടിപ്പിച്ചു. ദുർഗാ വിഗ്രഹങ്ങൾ പിടിച്ചെടുക്കൽ,നശിപ്പിക്കൽ തുടങ്ങിയ നിരവധി സംഭവങ്ങളുണ്ടായെന്നും ഇവർ പറയുന്നു.
ഖുൽന ജില്ലയിലെ ഡാകോപ് മേഖലയിലാണ് കൂടുതൽ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ദുർഗാ പൂജ ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി നിരവധി പൂജാ കമ്മിറ്റികൾക്ക് അജ്ഞാത കത്തുകൾ ലഭിച്ചിട്ടുണ്ട്.
സെപ്തംബർ 22 ന് ലക്ഷ്മിഗോഞ്ച് ജില്ലയിലെ റായ്പൂർ പ്രദേശത്ത് മദ്രസയിലെ ഒരു കൂട്ടം ആൺകുട്ടികൾ ദുർഗാ വിഗ്രഹങ്ങൾ തകർത്തു. ബർഗുന ജില്ലയിലെ ഫുൽജുരി ഗലാചിപ ക്ഷേത്രത്തിലും വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമങ്ങൾ ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവങ്ങളും.