ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകി കോടതി . ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് കോടതി വിധി . ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (ഡിഡിഎ) അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ തീരുമാനത്തെ എതിർത്താണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയിരുന്നത്.
മാത്രമല്ല മസ്ജിദ് കമ്മിറ്റി ഈ ഭൂമി തങ്ങളുടേതാണെന്നും അവകാശപ്പെട്ടിരുന്നു . ഈ വാദവും കോടതി തള്ളി .ഭൂമിയുടെ അവകാശം ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, തർക്കത്തിന് വർഗീയ നിറം നൽകിയതിന് മസ്ജിദ് കമ്മിറ്റിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ സിംഗ്, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങുന്ന ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടൊപ്പം ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി ഇത്തരം നടപടികളിൽ നിരുപാധികം മാപ്പ് പറയണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
“കോടതിയിലൂടെ വർഗീയ രാഷ്‌ട്രീയം കളിക്കുകയാണ്! നിങ്ങൾ (മസ്ജിദ് കമ്മിറ്റി) വിഷയം ഒരു മതപരമായ പ്രശ്നമായിട്ടാണ് അവതരിപ്പിക്കുന്നത്, പക്ഷേ ഇത് ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതേസമയം, ഝാൻസി രാജ്ഞിയുടെ പ്രതിമ സ്ഥാപിക്കുന്നത് അഭിമാനകരമാണെന്നും “ കോടതി പറഞ്ഞു.
‘ അവർ മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച ഒരു ദേശീയ നായികയാണ്. ഹർജിക്കാരൻ (മസ്ജിദ് കമ്മിറ്റി) വർഗീയതയ്‌ക്കായി കോടതിയെ ഉപയോഗിക്കുന്നു . നിങ്ങളുടെ നിർദ്ദേശം തന്നെ ഭിന്നിപ്പിക്കുന്നതാണ്. ഭൂമി നിങ്ങളുടേതായിരുന്നുവെങ്കിൽ, പ്രതിമ സ്ഥാപിക്കാൻ നിങ്ങൾ സ്വമേധയാ മുന്നോട്ട് വരേണ്ടതായിരുന്നു ‘ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.















