ന്യൂഡൽഹി: പുത്തൻ കുതിപ്പിനൊരുങ്ങി ഡൽഹി എയിംസ്. രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. സർജൻമാർക്ക് പരിശാലനം നൽകാൻ രണ്ട് അത്യാധുനിക റോബോട്ടിക് സർജറി ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു.
ആഗോള തലത്തിൽ ആരോഗ്യരംഗത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്ന ഭാരതത്തിലെ പ്രധാന സ്ഥാപനമാണ് എയിംസ്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ പരിപാലനം എന്നീ മേഖലകളിലെ മുൻനിരയിലേക്കുള്ള എയിംസിന്റെ യാത്രയിൽ നിർണായകമാകും പുതിയ പദ്ധതിയെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപാവ് ജാദവ് പറഞ്ഞു. ഡൽഹി എയിംസിന്റെ 69-ാമത് സ്ഥാപകദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായി എയിംസ് മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ തുടർച്ചയായ ഏഴാം വർഷവും ഇന്ത്യയിലെ മികച്ച മെഡിക്കൽ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
900 കോടി രൂപ ചെലവിൽ 2,200 മുറികളുള്ള പുതിയ ഹോസ്റ്റൽ സമുച്ചയം നിർമിക്കാൻ എയിംസ് പദ്ധതിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്, സർജറി ബ്ലോക്ക്, നാഷണൽ സെൻ്റർ ഓഫ് ഏജിംഗ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, കിടത്തിച്ചികിത്സയ്‌ക്കുള്ള കിടക്കകൾ 30 ശതമാനത്തിലേറെയും തീവ്രപരിചരണ, ഓപ്പറേഷൻ തിയറ്റർ സേവനങ്ങൾ ഏകദേശം 40 ശതമാനവും വർദ്ധിച്ചു. പുതിയ സൗകര്യങ്ങൾ സജ്ജമാക്കുന്നതോടെ കൂചുതൽ പേർ ചികിത്സയ്‌ക്കായി എത്തുമെന്നാണ് വിലയിരുത്തലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.















