ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാട് തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരം പരിശോധിക്കാൻ ഒഡിഷ. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമിക്കാൻ നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുരിയിലും സർക്കാർ പരിശോധനയ്‌ക്ക് തയ്യാറെടുക്കുന്നത്.
ജഗന്നാഥ ക്ഷേത്രത്തിൽ നെയ്യ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ലെങ്കിലും ദേവന്മാർക്കുള്ള പ്രസാദമായ കോത ഭോഗ, ബരാദി എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരം ഭരണകൂടം പരിശോധിക്കുമെന്ന് പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ വ്യക്തമാക്കി. ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്ന ഏക സ്ഥാപനം ഒഡിഷ മിൽക്ക് ഫെഡറേഷൻ (ഓംഫെഡ്) ആണെന്നും അദ്ദേഹം പറഞ്ഞു.















