ഷിരൂർ: മണ്ണിടിച്ചിലിൽ മരണമടഞ്ഞ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. അർജുന്റെ ഡിഎൻഎ സാമ്പിളുകൾ എല്ലിന്റെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിച്ചേക്കും.
തെരച്ചിലിന്റെ 72-ാം ദിവസമാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. നിലവിൽ അർജുന്റെ മൃതദേഹം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുൻ ഓടിച്ചിരുന്ന ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ദൗത്യം ഇന്ന് രാവിലെ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു.
കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തെരച്ചിലാണ് തുടരാൻ തീരുമാനിച്ചിരിക്കുന്നത്.















