കോഴിക്കോട്: അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സഹോദരി അഞ്ജു. അർജുന് എന്തുപറ്റിയെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ഉത്തരത്തിലേക്ക് എത്താൻ വൈകിയെങ്കിലും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അഞ്ജു പറഞ്ഞു.
അർജുൻ എന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല. എന്റെ കുട്ടനാണ്. ഞങ്ങൾ വീട്ടിൽ എല്ലാവരും കുട്ടാ എന്നാണ് വിളിക്കുന്നത്. അവൻ ഇനി കൂടെയില്ല. അവനെ അവിടെ വിട്ട് പോരാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഈ അവസരത്തിൽ ഞങ്ങളെ ചേർത്തുപിടിച്ച ധാരാളം ആളുകളുണ്ട്. ഡ്രഡ്ജിംഗ് സാധ്യമാക്കിയ കർണാടക സർക്കാരിനോട്, ഒപ്പം നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അപ്പോഴും കുടുംബം ഒറ്റക്കെട്ടായി നിന്നു. യൂട്യൂബ് ചാനലുകളുടെ വ്യാജവാർത്തകൾ വിഷമിപ്പിച്ചു.
രണ്ടാം ഘട്ട തെരച്ചിൽ നിർത്തി വച്ചപ്പോൾ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. കുടുംബം ഒറ്റക്കെട്ടായി പലരെയും പോയി കണ്ടു. കൃഷ്ണപ്രിയയ്‌ക്ക് എന്തു കൊടുത്താലും മതിയാകില്ല, അർജുൻ എന്ന നഷ്ടം അവൾക്ക് തീരാനഷ്ടമാണ്. അവൾക്ക് ജോലി നൽകിയ സർക്കാരിനും വിഷയത്തിന്റെ ഗൗരവം കർണാടക സർക്കാരിനെ ധരിപ്പിക്കാനായി എംകെ രാഘവൻ എംപിയുടെ ഇടപെടൽ നിർണായകമായിരുന്നു. തുടക്കം മുതൽ അദ്ദേഹം കുടുംബത്തിനൊപ്പമുണ്ടായിരുന്നു. മാദ്ധ്യമങ്ങൾ, ഈശ്വർ മാൽപെ തുടങ്ങി നിരവധി പേർക്ക് നന്ദിയെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും.















