ഷിരൂർ: ഓർമകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതിൽ ആശ്വാസമെന്ന് അർജുന്റെ സഹോദരൻ അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോയെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനൊരു അവസാനമായി. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണമെന്നും സഹോദരൻ പറഞ്ഞു.
കാത്തിരിപ്പിന് അവസാനമായി. ജൂലൈ 16 മുതൽ താനിവിടെയുണ്ട്. ഇതുവരെ ഒരുത്തരമില്ലായിരുന്നു. ഇതുവരെ നീണ്ടത് ദൈവത്തിന്റെ വിധിയായിരിക്കുമെന്നും അഭിജിത്ത് കണ്ണീരോടെ പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ ഏട്ടനെ കിട്ടുമെന്ന ഉറപ്പ് ഡ്രഡ്ജർ ഉടമ നൽകിയിരുന്നു. ഇന്നലെ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് ലോറി കിട്ടിയത്. സങ്കടമുണ്ടെങ്കിലും ഓർമയ്‌ക്കായിട്ടാണെങ്കിലും ഏട്ടനെ കിട്ടിയെന്നും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അഭിജിത്ത് പറഞ്ഞു.
ഞങ്ങൾ തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അച്ഛനെ പോലെ തന്നെയായിരുന്നു എനിക്ക് ഏട്ടൻ. എന്ത് പ്രശ്നമുണ്ടെങ്കിലും പറയാനുള്ളൊരാളായിരുന്നു ഏട്ടൻ. എല്ലാവരും സാഹചര്യത്തോട് പൊരുത്തപ്പെടുകയാണ്. വീട്ടിൽ എല്ലാവരും എട്ടനായി കാത്തിരിക്കുകയാണെന്നും അഭിജിത്ത് പറഞ്ഞു.
ഇതിനിടയിൽ ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും അഭിജിത്ത് കണ്ടെടുത്തു. ക്രെയ്ൻ ഉപയോഗിച്ച് കരക്കെത്തിച്ച ശേഷം വസ്ത്രങ്ങളും ഫോണുമൊക്കെ അടങ്ങിയ ബാഗ് ക്യാബിനുള്ളിൽ ഉണ്ടാകും. ഇവ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും സഹോദരൻ പറഞ്ഞു. ഇനി അത് മാത്രമാണ് ബാക്കിയുള്ളതെന്നും സങ്കടത്തോടെ അഭിജിത്ത് പറഞ്ഞു.