തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി പ്രതിഷേധിക്കുമെന്ന മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം നടത്തുക എന്ന പേരിലാണ് നീക്കം.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും 28ാം തിയതി പാർട്ടിയുടെ നേതൃത്വത്തിൽ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തുമെന്ന് ജഗൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ താൻ എത്തുമെന്ന് ജഗൻ പ്രഖ്യാപിക്കുന്നത്. ഇതിനെതിരെയാണ് ആന്ധ്രാപ്രദേശ് ബിജെപി അദ്ധ്യക്ഷ പുരന്ദേശ്വരി വിമർശനവുമായി രംഗത്തെത്തിയത്.
ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമുണ്ടെന്നും, ഹിന്ദുക്കളല്ലാത്തവർ വൈക്യുണ്ഠം ക്യൂ കോംപ്ലക്‌സിൽ വച്ച് വച്ച് അയാളുടെ വിശ്വാസമെന്തെന്ന് പ്രഖ്യാപിക്കണമെന്നും പുരന്ദേശ്വരി പറയുന്നു. ടിടിഡി പൊതുചട്ടം 136 പ്രകാരം ഇത് എല്ലാവർക്കും ബാധകമാണെന്നും പുരന്ദേശ്വരി ചൂണ്ടിക്കാണിക്കുന്നു. അലിപ്പിരിയിലെ ഗരുഡ പ്രതിമയ്‌ക്ക് മുന്നിൽ വച്ച് ജഗൻ മോഹൻ റെഡ്ഡി തന്റെ വിശ്വാസമെന്തെന്ന പ്രഖ്യാപനം നടത്തണമെന്നും പുരന്ദരേശ്വരി ആവശ്യപ്പെട്ടു.
തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ ചട്ടം 136,137 എന്നിവ പ്രകാരം തിരുമല ക്ഷേത്രത്തിലേക്ക് ഹിന്ദുക്കൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ക്ഷേത്രത്തിലേക്ക് ഒരു അഹിന്ദു പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി ടിടിഡിയെ അയാളുടെ മതത്തെ കുറിച്ച് അറിക്കുകയും പ്രവേശനം നേടുന്നതിനുളള അനുമതി സ്വന്തമാക്കുകയും വേണം. അഹിന്ദുക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ഫോമിൽ ഒപ്പുവച്ചതിന് ശേഷമാണ് ഇവർക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എന്നാൽ 2014ൽ ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം ഈ ഫോം നൽകുന്നത് നിർത്തലാക്കിയിരുന്നു.















