തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. അന്വേഷണത്തിലെ വീഴ്ചയിൽ പരിശോധന നടത്തണമെന്നും ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തിട്ടുണ്ട്. എഡിജിപിക്ക് എതിരെ അന്വേഷണം നടത്താനാണ് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ പരിശോധന വേണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെടുന്നു. തുടരന്വേഷണം സംബന്ധിച്ച തീരുമാനം ഇനി മുഖ്യമന്ത്രിയാണ് സ്വീകരിക്കുക.
പൂരം കലക്കൽ റിപ്പോർട്ട് വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം ലഭിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തുടരന്വേഷണത്തിന് ശുപാർശ ചെയ്ത സാഹചര്യത്തിൽ പൂരം കലക്കിയ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടായേക്കും.
എഡിജിപി സമർപ്പിച്ച റിപ്പോർട്ടിനോട് ഡിജിപി വിയോജിച്ചിരുന്നു. മേൽനോട്ടം വഹിക്കുന്നതിൽ എഡിജിപിക്ക് വീഴ്ചയുണ്ടായെന്നാണ് ഡിജിപി അറിയിച്ചത്. ഗൂഢാലോചന വിശദമായി അന്വേഷിക്കണം. പൂരംക്രമീകരണത്തിൽ അവസാനനിമിഷം എഡിജിപി മാറ്റം വരുത്തി. കാര്യങ്ങൾ കൈവിട്ടിട്ടും പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ല. ഒടുവിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് മാസമെടുത്തതിലും ഡിജിപി അതൃപ്തി പ്രകടിപ്പിച്ചു.
എന്നാൽ പൂരം കലക്കിയ സംഭവത്തിൽ ഇനിയും പൊലീസ് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പൂരം കലക്കാൻ ബ്ലൂപ്രിന്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥൻ തന്നെയാണ് അന്വേഷണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു.