ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ശബരിമലയിൽ കയറാൻ ശ്രമിച്ച പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
“ശബരിമല വിഷയത്തിൽ നിയമം പാസാക്കപ്പെട്ടാലും ഏറ്റവും കൂടുതൽ സ്ത്രീകൾ തന്നെയാണ് കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞത്. ഈ സ്ത്രീ സമൂഹത്തെ കൂടി നമ്മൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടേ ഇത് നടക്കുകയുള്ളൂ. അതിനകത്ത് ചെയ്യേണ്ടിരുന്ന ഒരു കാര്യം, കയറാൻ തയ്യാറായ പെണ്ണുങ്ങൾക്ക് സുരക്ഷ ഒരുക്കുക എന്നതായിരുന്നു”.
“സുരക്ഷ ഒരുക്കുന്നതിനു പകരം നിർഭാഗ്യവശാൽ കയറാൻ പോയ പെണ്ണുങ്ങൾക്ക് കേസുകളാണ് ഉണ്ടായത്. കാരണം അത്രയ്‌ക്കും അപചയത്തിൽ ആയിക്കഴിഞ്ഞു. വിശ്വാസം എന്നു പറയുന്നത് ഇന്ന് രാഷ്‌ട്രീയമാണ്. അതുകൊണ്ട് അതിനകത്തു രാഷ്‌ട്രീയ താൽപര്യങ്ങളുണ്ട്. നമുക്ക് തുല്യത കൊണ്ടുവരാനും, സ്ത്രീകളുടെ ശരീരത്തിന് അശുദ്ധി ഇല്ല എന്ന് പറയാനുമുള്ള പരിപാടിയല്ല ഇത്. സിപിഎം ഗവൺമെന്റ് ആയതുകൊണ്ട് മാത്രമാണ് ഇതിനെ അവർ എതിർത്തത്”- ജോളി ചിറയത്ത് പറഞ്ഞു.