ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 12 മണിക്കൂറിനകം ഹെലിൻ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. 210 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റഗറി-3 വിഭാഗത്തിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണ് വീശിയടിക്കുക. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും കാലാവസ്ഥ സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ ഹെലിൻ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. ഫ്ലോറിഡയിലേക്ക് അടുക്കുന്തോറും കാറ്റിന് ശക്തിയേറുന്നതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നു.
ഇന്നലെ രാവിലെ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ ടാമ്പയിൽ നിന്ന് ഏകദേശം 500 മൈൽ (810 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി 80 കിലോമീറ്റർ വേഗതയിൽ വീശിയിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന് ശക്തിയേറുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. നിലവിൽ മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽ നിന്ന് ഹെലിൻ നീങ്ങിക്കൊണ്ടിരിക്കുകയാണ്.















