തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ മധുകർ ജംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും വേദിയിൽ സന്നിഹിതരായിരുന്നു. സെപ്തംബർ 21നാണ് ജസ്റ്റിസ് നിതിൻ മധുകറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.
ഈ വർഷം ജൂലൈയിൽ ജസ്റ്റിസ് എജെ ദേശായി വിരമിച്ചതിനെത്തുടർന്നാണ് പുതിയ ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജംദാർ അധികാരമേൽക്കുന്നത്. ഇക്കാലയളവിൽ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.
മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം പൂർത്തിയാക്കി. ബോംബെ ഹൈക്കോടതിയെ കമ്പ്യൂട്ടർവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലീഗൽ സർവീസസ് അതോറിറ്റിയുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചു.















