സിനിമാരംഗത്ത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് നടി മറീന മൈക്കിൾ. തന്റെ ഒരു സുഹൃത്തിന്റെ മുഖത്തേക്ക് ഒരു നടൻ സിഗരറ്റ് തുപ്പിയിട്ടുണ്ടെന്നും സ്ത്രീകളുടെ വിഷയങ്ങൾക്കിടയിൽ ഇക്കാര്യം മുങ്ങിപ്പോകും എന്നതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാത്തതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മറീന വെളിപ്പെടുത്തി. പുരുഷന്മാർക്ക് പലപ്പോഴും നീതി ലഭിക്കുന്നില്ല എന്നും നടി പറഞ്ഞു.
“ഈയൊരു വിഷയം നടക്കുന്ന സമയത്ത് എന്റെ ഒരു സുഹൃത്ത് വിളിച്ചു. ഒരു സെറ്റിൽ പോയ സമയത്ത് ഒരു നടൻ വളരെ മോശമായി സംസാരിച്ചുവെന്ന് അവൻ പറഞ്ഞു. ആൾക്കാരുടെ മുന്നിൽ വച്ച് തെറിവിളിച്ചു, സിഗരറ്റ് അവന്റെ മുഖത്തേക്ക് തുപ്പി. ‘നിന്റെ കൈ എന്താ മാങ്ങ പറിക്കാൻ പോയിരിക്കുകയായിരുന്നോ, ഒരെണ്ണം കൊടുത്തു കൂടായിരുന്നോ’ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. കാരണം അവന് ഗതികേട് ഉണ്ട്, അവന് കുടുംബത്തെ നോക്കണം, കരിയറിന്റെ സ്റ്റാർട്ടിങ് സ്റ്റേജിലാണ്. ഞാൻ എന്തായാലും എഴുതിയെങ്കിലും ഇടും എന്ന് അവൻ പറഞ്ഞു”.
“ഫേസ്ബുക്കിൽ ഒരു പോസ്റ്റായി എങ്കിലും എഴുതിയിടുമെന്ന് അവൻ പറഞ്ഞിരുന്നു. അത്രയ്‌ക്ക് വിഷമമായി. മാധ്യമങ്ങളോട് പറയാൻ വരെ റെഡിയായിരുന്നു. ഇപ്പോൾ ഞാൻ അത് പറഞ്ഞാൽ ഈ സ്ത്രീകളുടെ വിഷയത്തിൽ അത് മുങ്ങിപ്പോകും, അത് ആരും ശ്രദ്ധിക്കില്ല എന്ന് അവൻ പറഞ്ഞു. ഇങ്ങനെ എത്ര കലാകാരന്മാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അറിയാമോ. എനിക്കറിയാവുന്ന ഒരുപാട് ആണുങ്ങളുണ്ട്. ഒരു സ്ത്രീ പരാതി നൽകിയാൽ എടുത്തിരിക്കണം. സ്ത്രീകൾക്ക് പരിഗണന ലഭിക്കുന്നുണ്ട്. പക്ഷേ പുരുഷന്മാർക്ക് നീതി ലഭിക്കുന്നുണ്ടോ!”- മറീന പറഞ്ഞു.















