ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പിനെതിരെ നടപടി സ്വീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ED). ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനായ FIEWIN-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. അന്വേഷണത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
മരവിപ്പിച്ച അക്കൗണ്ടുകളിൽ ഏകദേശം 25 കോടി രൂപയുണ്ടെന്നാണ് വിവരം. ഈ ഗെയിമിംഗ് ആപ്പ് വഴി ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് 400 കോടി രൂപയോളം എത്തിയതായി ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാരെ ഇഡിയുടെ കൊൽക്കത്ത ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സഹകാരികളുടെ സഹായത്തോടെയാണ് ചൈനീസ് പൗരന്മാർ FIEWIN ആപ്പ് പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചൈനീസ് പൗരന്മാർ ടെലിഗ്രാം വഴി ഇന്ത്യൻ അസോസിയേറ്റുകളുമായി ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഓൺലൈൻ ഗെയിമർമാരിൽ നിന്ന് ശേഖരിച്ച ഫണ്ടുകൾ, ‘റീചാർജ് പേഴ്സൺസ്’ എന്ന് വിളിക്കപ്പെടുന്ന വ്യക്തികൾ കൈകാര്യം ചെയ്യുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചിരുന്നത്. ഒഡീഷയിലെ റൂർക്കേലയിൽ നിന്നുള്ള അരുൺ സാഹുവും അലോക് സാഹുവും പണം ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.















