ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരിൽ ഒരാളായ രൺവീർ അലഹ്ബാദിയയുടെ (Ranveer Allahbadia) ചാനലുകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രിയ ചാലനായ ബീർബൈസെപ്സ് (BeerBiceps) അടക്കം രണ്ട് യൂട്യൂബ് ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. ഇരു ചാനലുകളിലെയും വീഡിയോകൾ പൂർണമായും ഡിലീറ്റ് ചെയ്യപ്പെടുകയും ട്രംപിന്റെയും ടെസ്ലലയുടെയും പേരിലുള്ള ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പ്രമുഖ യൂട്യൂബറുടെ ചാനലും നഷ്ടപ്പെട്ടിരിക്കുന്നത്.
നിരവധി സെലിബ്രിറ്റി ഇന്റർവ്യൂവകളും പോഡ്കാസ്റ്റുകളുമായിരുന്നു രൺവീറിന്റെ ചാനലിലെ പ്രധാന ഉള്ളടക്കം. ആരോഗ്യം, ശാസ്ത്രം, ജ്യോതിഷം, വാനശാസ്ത്രം, സാമ്പത്തികം, വിദ്യാഭ്യാസം, നയതന്ത്രം, പുരാണം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റുകളായിരുന്നു ചാനലിലുണ്ടായിരുന്നത്. പ്രസ്തുത മേഖലകളിലെ വിദഗ്ധരെത്തി വിഷയം വിശദീകരിക്കുന്നതായിരുന്നു രീതി. ചാനലിലെ ഒട്ടുമിക്ക വീഡിയോകളും മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചവയായിരുന്നു. ഈ സാഹചര്യത്തിലാണ് രൺവീറിന്റെ യൂട്യൂബുകൾ ഹാക്കർമാരുടെ കൈപിടിയിലായത്.
സൈബറാക്രമണം നടക്കുമ്പോൾ സിംഗപ്പൂരിലായിരുന്നു രൺവീർ. യൂട്യൂബ് കരിയറിനെ തന്നെ അടിമുടി ബാധിച്ച ആക്രമണം നടന്ന സാഹചര്യത്തിലും വളരെ സമാധാനപരമായാണ് രൺവീർ പ്രതികരിച്ചത്. സിംഗപ്പൂരിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്, സൈബറാക്രമണം ആഘോഷിക്കുന്നു.. എന്ന അടിക്കുറിപ്പെഴുതി ഒരു ഫോട്ടോയും താരം പങ്കുവച്ചു. ഇതെന്റെ യൂട്യൂബ് കരിയറിന്റെ അവസാനമാണോ എന്ന ചോദ്യമുന്നയിച്ച് മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയും രൺവീർ പങ്കുവച്ചിരുന്നു.
ഫിറ്റ്നസ് ടിപ്സുകളും ഡയറ്റ് ഉപദേശങ്ങളുമൊക്കെ നൽകാറുള്ള രൺവീറിന് വലിയൊരു വിഭാഗം പ്രേക്ഷകരാണ് ഇന്ത്യയിലെമ്പാടുമുള്ളത്. യുവരാജ് സിംഗ്, കരീന കപൂർ, അക്ഷയ് കുമാർ, മാധവൻ, ഏകനാഥ് ഷിൻഡെ, സ്മൃതി ഇറാനി, തുടങ്ങി സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക, കലാസാംസ്കാരിക, മേഖലകളിൽ നിന്നുള്ള പ്രമുഖരും വിദഗ്ധരും രൺവീർ ഷോയിൽ അതിഥികളായിരുന്നു. ഡിജിറ്റൽ കണ്ടന്റ് ക്രിയേഷനുമായി ബന്ധപ്പെട്ട് നിരവധി പുരസ്കാരങ്ങളും യുവാവ് സ്വന്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ചാനലുകൾ തിരികെ ലഭിക്കാനുള്ള പ്രയത്നത്തിലാണ് നിലവിൽ താരം.