ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിഗ്രയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ആകാംക്ഷ ഒരുക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവും കോർത്തിണക്കിയ ട്രെയിലറാണ് പുറത്തെത്തിയത്. വാസൻ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടീസറിനും വലിയ പ്രക്ഷേകപ്രീതിയാണ് നേടനായത്.
ആലിയ ഭട്ട് അവതരിപ്പിക്കുന്ന വിവിധ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ വൈകാരികമായ രംഗങ്ങളോടെയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അവസാനിക്കുന്നത്. ദേബാശിഷ് ഇറെങ്ബാനും വാസൻ ബാലയും ചേർന്നാണ് ജിഗ്രയുടെ രചന നിർവ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആലിയ നായികാ വേഷത്തിലെത്തുന്ന ചിത്രമാണ് ജിഗ്ര.
വിദേശത്ത് തടവിലാക്കപ്പെടുന്ന സഹോദരനെ പുറത്തിറക്കുന്നതിനായി സഹോദരി നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. കസ്റ്റഡി പീഡനത്തിന് വിധേയനാകുന്ന സഹോദരനെ ഏതുവിധേനയും രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് കഥയെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ഒക്ടോബർ 11-ാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആലിയ ആക്ഷൻ വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.