തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി വി അൻവർ. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. എന്നാൽ ആ മനുഷ്യന്റെ മരണം നടന്നിട്ട് എകെജി സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിട്ടില്ല. അതിന് കാരണം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഒരുപാട് നേതാക്കൾ കോടിയേരിയെ കാണാൻ കാത്തിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപ്പിൽ പോകണമായിരുന്നു. അതിന് വേണ്ടിയാണ് മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കാതിരുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ പത്രസമ്മേളനം വിളിക്കേണ്ടിവരില്ലായിരുന്നു.
ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. പാർട്ടി ഇവിടെ നിലനിൽക്കണം. ഒരു റിയാസ് മാത്രം ഉള്ളതുകൊണ്ട് ഒരു കാര്യവുമില്ല. കേരളത്തിൽ പൊതുസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി, ഇവിടുത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടാണ് എന്നുള്ളതാണെന്നും അൻവർ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് താൻ ഇനി നിയമസഭയിൽ ഉണ്ടാകില്ലല്ലോ എന്നായിരുന്നു അൻവറിന്റെ മറുപടി.