പത്തനംതിട്ട: പൂജവയ്പ്പിന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് എൻജിഒ സംഘ്. അവധി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു. സർക്കാർ കലണ്ടറിൽ പൂജവയ്പ് പത്താം തീയതിയാണ്. എന്നാൽ 11-ന് അവധി നൽകാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് നിവേദനത്തിൽ പറയുന്നു.
ഒക്ടോബർ 10 വ്യാഴാഴ്ചയാണ് പൂജവയ്പ് നടക്കുന്നത്. വിദ്യാർത്ഥികൾ പുസ്തകവും, തൊഴിൽ മേഖലയിലുള്ളവർ ആയുധങ്ങളും പൂജവച്ചു കഴിഞ്ഞാൽ വിജയദശമി ദിവസമായ 13-നാണ് പൂജയെടുക്കുന്നത്.
വിദ്യാ വിജയത്തിനും തൊഴിൽ വിജയത്തിനുമുള്ള പൂജകൾ നടക്കുമ്പോൾ വായനയും തൊഴിൽ ചെയ്യുന്നതും ഒഴിവാക്കണം എന്നതാണ് ആചാരം.
നവരാത്രി പൂജകളിൽ പ്രാധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 11-ന് സംസ്ഥാനത്ത് പൊതുഅവധി നൽകിയിട്ടില്ല. ഇതിനെതിരെയാണ് അവധി ആവശ്യപ്പെട്ട് എൻജിഒ സംഘും രംഗത്തെത്തിയിരിക്കുന്നത്.