ന്യൂഡൽഹി: അഗ്നിവിറുകൾക്ക് ജോലി സംവരണം ഏർപ്പെടുത്തി പ്രതിരോധ സ്ഥാപനമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് . അഡ്മിനിസ്ട്രേഷൻ, സെക്യൂരിറ്റി ജോലികളിൽ 50 ശതമാനവും സാങ്കേതിക ജോലികളിൽ 15 ശതമാനവും സംവരണമാണ് ബ്രഹ്മോസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രതിരോധ സ്ഥാപനം അഗ്നിവീറുകൾക്ക് സംവരണം നൽകുന്നത്.
ബ്രാഹ്മോസിലിൽ നിന്നുള്ള പുറംജോലി കരാറിലും നിബന്ധന ബാധകമാണെന്ന് കമ്പനി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമായി. സാധാരണയായി അതീവ സുരക്ഷമേഖലയിൽ പ്രവർത്തിക്കുന്ന ബ്രാഹ്മോസിലിൽ സുരക്ഷ ഒരുക്കുന്നത് സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനകളാണ്. അഗ്നിവീറുകൾക്ക് സേനയിലെ കാലാവധി കഴിഞ്ഞാലും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടി ആയാണ് ഇത്തരം ഒരു നടപടി.
വിരമിച്ച അഗ്നിവീറുകൾക്ക് അർധസൈനിക സേനകളിൽ പത്തുശതമാനം സംവരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തി നിരവധി സംസ്ഥാനങ്ങൾ മുന്നോട്ട് വന്നു. ഹരിയാനയാണ് രാജ്യത്ത് ആദ്യമായി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പൊലീസ് കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡർ, സ്പെഷൽ പൊലീസ് ഓഫിസർ തസ്തികകളിലാണ് ഹരിയാന സംവരണം പ്രഖ്യാപിച്ചത്. പിന്നാലെ യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളും സമാന തീരുമാനവുമായി മുന്നോട്ട് വന്നു.















