തിരുപ്പതി :തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെക്ക് വൈഎസ്ആർ കോൺഗ്രസ് പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി നടത്താനിരിക്കുന്ന സന്ദർശനം ആന്ധ്രാപ്രദേശിൽ രാഷ്‌ട്രീയ സംഘർഷം ഉയർത്തുന്നു. ‘ഗോ ബാക്ക് ജഗൻ’ സേവ് തിരുമല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി ഹിന്ദു സംഘടനകൾ തിരുപ്പതിയിൽ പ്രതിഷേധിച്ചു.
പവിത്രമായ തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ജഗൻ തന്റെ മതവിശ്വാസം പരസ്യമായി പ്രഖ്യാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗൻ തിരുമലയുടെ പവിത്രതയെ അവഹേളിച്ചെന്നും അതിനാൽ ക്ഷേത്രദർശനം അനുവദിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജഗൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നും തിരുമലയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും പ്രകടനക്കാർ വ്യക്തമാക്കി.
സെപ്തംബർ 27, 28 തീയതികളിലാണ് ജഗൻ മോഹൻ റെഡ്ഢി തിരുപ്പതി സന്ദർശിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹം സെപ്തംബർ 27 ന് വൈകുന്നേരം ഗന്നവാരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4 മണിക്ക് റെനിഗുണ്ടയിൽ എത്തും. അവിടെ നിന്ന് അദ്ദേഹം തിരുമലയിലേക്ക് പോകും, അവിടെ വൈകുന്നേരം 7 മണിക്ക് എത്തിച്ചേരുകയും രാത്രി തങ്ങുകയും ചെയ്യും. സെപ്റ്റംബർ 28ന് രാവിലെ 10:20ന് ഗസ്റ്റ് ഹൗസിൽ നിന്ന് ജഗൻ വെങ്കിടേശ്വര ക്ഷേത്രത്തിൽ പോകും.
തിരുപ്പതി ലഡ്ഡു സംബന്ധിച്ച ആരോപണങ്ങളെ തുടർന്നാണ് താൻ ക്ഷേത്രം സന്ദർശിക്കുമെന്ന് ജഗൻ പ്രസ്താവിച്ചത്.
പ്രതിഷേധത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുമായി തിരുപ്പതി പോലീസ് വിവിധ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. ജഗന്റെ സന്ദർശനത്തിന് മുന്നോടിയായി പൊതുയോഗങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവ നിയന്ത്രിച്ചിട്ടുണ്ട്. തിരുമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.















